1. ഫയര്‍ & റെസ്ക്യൂ സര്‍വീസസ് Fire Safety Clearance for Site / Certificate of Approval ഏതൊക്കെ കെട്ടിടങ്ങള്‍ക്കാണ് എടുക്കേണ്ടത് ?
15 മീറ്ററില്‍ അധികം ഉയരമുള്ളതോ തറ വിസ്തീര്‍ണ്ണം 1000M2 ല്‍ അധികം ഉള്ളതോ ആയ റെസിഡെന്‍ഷ്യല്‍, എജ്യൂക്കേഷണല്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍, ബിസിനസ്, മെര്‍ക്കന്റയില്‍ വിഭാഗത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ക്കും, അസ്സംബ്ലി, ഇന്‍ഡസ്ട്രിയല്‍, സ്റ്റോറേജ്, ഹസാര്‍ഡ് എന്നീ വിഭാഗത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് ഉയരമോ തറ വിസ്തീര്‍ണ്ണമോ കണക്കാക്കാതെ വകുപ്പിന്റെ Fire Safety Clearance for Site / Certificate of Approval എടുക്കേണ്ടതാണ്.
2. വകുപ്പിന്റെ ഫയര്‍ Fire Safety Clearance for Site / Certificate of Approval ലഭിയ്ക്കുന്നതിനായി ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിയ്ക്കേണ്ടത് ? എന്തൊക്കെ രേഖകള്‍ ഹാജരാക്കണം ?
വകുപ്പിന്റെ Fire Safety Clearance for Site / Certificate of Approval ലഭ്യമാകുന്നതിന് കെടിടം നിര്മ്മിയ്ക്കാനുദ്ദേശിയ്ക്കുന്ന സ്ഥലം / കെട്ടിടം സ്ഥിതി ചെയ്യുന്ന ഫയര്‍ സ്റ്റേഷന് പരിധിയിലെ സ്റ്റേഷന് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിയ്ക്കേണ്ടത്.
സമര്പ്പിയ്ക്കേണ്ട രേഖകള്‍
അപേക്ഷ.
വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ബന്ധപ്പെട്ട വിഭാഗത്തിന്റെ ചെക്ക് ലിസ്റ്റ് പൂര്‍ണ്ണമായും പൂരിപ്പിച്ചത്.
കെട്ടിടങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്.
ഫയര്‍ പ്ലാന്‍.
സിവില്‍ പ്ലാന്‍.
3. താല്‍ക്കാലിക പടക്ക വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് വകുപ്പിന്റെ NOCലഭ്യമാകുവാന്‍ വേണ്ട നടപടി ക്രമം ?
അപേക്ഷകന് കളക്റ്ററേറ്റില്‍ സമര്‍പ്പിയ്ക്കുന്ന അപേക്ഷ ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുക്കുകയും ഈ അപേക്ഷ ജില്ലാ ഫയര്‍ ഓഫീസര്‍ പരിശോധിച്ച് അവശ്യ രേഖകളായ ഫീസ്, ലൊക്കേഷന്‍ പ്ലാന്‍, ബില്‍ഡിംഗ് പ്ലാന്‍, വാടക കെട്ടിടമാണെങ്കില്‍ അത് നല്കുന്ന വ്യക്തിയുടെ സമ്മതപത്രം മുതലായവ ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം കെട്ടിട പരിശോധന നടത്തി ജില്ലാ ഫയര്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നു.
4. തീ പിടിത്തം, മറ്റ് അപകടങ്ങള്‍ എന്നിവ സംബന്ധിച്ച് വകുപ്പിന്റെ സേവനത്തിനായി സ്റ്റേഷനിലേക്ക് വിളിയ്ക്കുമ്പോള്‍ പൊതു ജനങ്ങള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ ?
തീ പിടിത്തം, മറ്റ് അപകടങ്ങള്‍ എന്നിവയില്‍ അഗ്നിരക്ഷാ വകുപ്പ് നല്കി വരുന്ന സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. അപകടം സംഭവിയ്ക്കുമ്പോള്‍ പൊതു ജനങ്ങള്‍ക്ക് ‘101’ എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ഫയര്‍ & റെസ്ക്യൂ സ്റ്റേഷനിലെ ലാന്റ് ലൈന്‍ നമ്പരിലോ വിളിക്കാവുന്നതാണ്. ഫോണ്‍ വിളിക്കുന്ന വ്യക്തി ഒട്ടും പരിഭ്രാന്തി കൂടാതെ വിളിക്കുന്ന വ്യക്തിയുടെ പേര്, ടെലിഫോണ്‍ നമ്പര്‍, അപകടം നടന്ന സ്ഥലം, അപകട സ്ഥലം തിരിച്ചറിയുന്നതിനുള്ള landmark, അപകടത്തിന്റെ സ്വഭാവം എന്നിവ നല്‍കേണ്ടതാണ്.
5. അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഫയര്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിയ്ക്കേണ്ടത്?
അഗ്നി രക്ഷാ സേന അറ്റന്റ് ചെയ്ത അഗ്നിബാധ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ലഭിയ്ക്കുന്നതിനായി ട്രഷറിയില്‍ ‘0070 – 60 – 99 – 109’ എന്ന ശീര്‍ഷകത്തില്‍ ഫീസ് ഒടുക്കിയ ചലാന്‍, അപേക്ഷ എന്നിവ ബന്ധപ്പെട്ട അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ക്ക് സമര്‍പ്പിയ്ക്കണം. ഒരു ലക്ഷം രൂപ വരെ നാശനഷ്ടം സംഭവിച്ചതിന് 115/- രൂപ ഫീസും അധിക പകര്‍പ്പ് ആവശ്യമായി വന്നാല്‍ ഓരോ പകര്‍പ്പിനും 60/- രൂപ വീതവും, ഒരു ലക്ഷത്തിന് മുകളില്‍ നാശനഷ്ടം സംഭവിച്ചതിന് 555/- രൂപയും അധിക പകര്‍പ്പ് ആവശ്യമായി വന്നാല്‍ ഓരോ പകര്‍പ്പിനും 115/- രൂപ വീതവും ആണ് ട്രഷറിയില്‍ ഒടുക്കേണ്ടത്.