അഗ്‌നി പ്രതിരോധം ജീവന്റെ പരിരക്ഷയ്ക്ക്
ഏപ്രില്‍ 14 ഭാരതമൊട്ടുക്കും അഗ്‌നിശമന സേന ദിനമായി ആചരിക്കുന്നു.

1944 ഏപ്രില്‍ 14 ന് ഉച്ച കഴിഞ്ഞ് 12.45 ന് മുംബൈ തുറമുഖത്ത് നങ്കൂരമിട്ടുകിടന്ന ‘എസ്.എസ്.ഫോര്‍ട്ട് സ്റ്റിക്കിനേ’ എന്ന കപ്പലില്‍ വന്‍ സ്ഫോടനത്തോടുകൂടി ഒരു തീപിടുത്തംഉണ്ടായി. സ്ഫോടകവസ്തുക്കള്‍ കയറ്റിയിരുന്ന ഈ കപ്പലിലെ തീപിടുത്തത്തിലും തുടര്‍ന്നുണ്ടായ സ്ഫോടനത്തിലും ഒട്ടേറെ മനുഷ്യര്‍ മരണപ്പെട്ടു. കോടികണക്കിനു രൂപയുടെ വസ്തുവകകള്‍ നശിച്ചു. സ്ഫോടകവസ്തുക്കളാണ് കപ്പലില്‍ സംഭരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയ അഗ്‌നിശമന സേന പല വിഭാഗങ്ങളിലായി തിരിഞ്ഞ് തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ധീരമായി ഏര്‍പ്പെട്ടു. ഈ പ്രവര്‍ത്തനത്തില്‍ 59 സേനാംഗങ്ങളുടെജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടു. നിരവധി പേര്‍ക്കു അംഗവൈകല്യം സംഭവിക്കുകയും ചെയ്തു.അലക്ഷ്യമായി വലിച്ചെറിഞ്ഞ കത്തുന്ന ഒരു സിഗററ്റ്കുറ്റിയാണ് ഈ തീപിടുത്തത്തിന് കാരണമായതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. ഈ സംഭവം അനുസ്മരിച്ചുകൊണ്ടും വിശേഷിച്ചു കേരളത്തിലേതടക്കം മണ്‍മറഞ്ഞ ധീരരായ അഗ്‌നിശമന സേനാംഗങ്ങളെ ആദരിച്ചു കൊണ്ടുമാണ് എല്ലാവര്‍ഷവും ഏപ്രില്‍ 14 രാജ്യമൊട്ടുക്കും അഗ്‌നിശമന സേനാ ദിനമായി ആചരിക്കുന്നത്.

വിവിധ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ജീവന്‍ വെടിഞ്ഞ ധീരരായ സേനാംഗങ്ങളുടെ പ്രവര്‍ത്തനം മറ്റ് സേനാംഗങ്ങള്‍ക്ക് പ്രചോദനമേകണം എന്ന ലക്ഷ്യത്തോടെയാണ് ഈദിനം ആചരിക്കുന്നത്.കൂടാതെ ഫയര്‍ഫോഴ്സ് ദിനത്തോടനുബന്ധിച്ച് വിവിധ അനുസ്മരണ ചടങ്ങുകള്‍ ഉള്‍പ്പെടുന്ന ഒരുആഴ്ച നീണ്ടു നില്‍ക്കുന്ന വാരാഘോഷം നടത്തി വരുന്നു.